ദുബായ്: കേരളത്തിൽനിന്നു ദുബായിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ സഞ്ചരിച്ച രണ്ട് നഴ്സുമാർ മരണത്തിലേക്കു വഴുതിവീണ സഹയാത്രികന്റെ ജീവൻ രക്ഷിച്ചു.
വയനാട് സ്വദേശി അഭിജിത് ജീസ്(26), ചെങ്ങന്നൂർ അജീഷ് നെൽസൺ(29) എന്നിവർ യുഎഇയിൽ ലഭിച്ച പുതിയ ജോലിയിൽ പ്രവേശിക്കാനാണ് എയർ അറേബ്യയുടെ 3എൽ128 ഫ്ലൈറ്റിൽ കയറിയത്. വിമാനം പുറപ്പെട്ടശേഷം തങ്ങൾക്കൊപ്പം സീറ്റിലിരുന്ന ഒരാൾ ശ്വസിക്കാൻ ബുദ്ധിമുട്ടുന്നതു കണ്ടു.
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണെന്നു തിരിച്ചറിഞ്ഞ ഇരുവരും ആ വ്യക്തിക്കു സിപിആർ നൽകി. പിന്നീട് വിമാനത്തിലെ ക്രൂവിനെ വിവരമറിയിച്ചു. ഇതിനിടെ, ഡോ. ആരിഫ് അബ്ദുൾ ഖാദർ എന്ന ആളും സ്വയം പരിചയപ്പെടുത്തി സഹായത്തിനെത്തി.
പൾസും ശ്വാസഗതിയും സാധാരണ നിലയിലാകുന്നതു വരെ സിപിആർ തുടർന്നതായും സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്ന അദ്ദേഹത്തിനുണ്ടായ സന്തോഷം സമൂഹത്തിൽ നഴ്സുമാരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് കൂടുതൽ ഓർമപ്പെടുത്താൻ ഇടയാക്കിയെന്ന് ഇരുവരും പ്രതികരിച്ചു. തുടർന്ന് വിമാനത്താവളത്തിലെ മെഡിക്കൽ സംഘം ഇദ്ദേഹത്തെ പരിശോധിച്ചു.